ഹോക്കിയുടെ ചരിത്രം -PART 1

The Beginning of  Khido Khundi game.


ക്രിക്കറ്റ്, ഫുട്ബോൾ തുടങ്ങിയ കായികവിനോദങ്ങളുടെ ചരിത്രം നമുക്ക് സുപരിചിതമാണല്ലോ.  എന്നാൽ, ക്രിക്കറ്റിനേക്കാളും  ഫുട്ബോളിനേക്കാളും നമ്മുടെ രാജ്യം  നിരവധി നേട്ടങ്ങൾ കൊയ്ത
ഒരു കായിക വിനോദമുണ്ട്. ചെറുപ്പം മുതൽ പാടത്തും പറമ്പിലും ക്രിക്കറ്റും ഫുട്ബോളുമൊക്കെ കളിക്കാനായി ഇറങ്ങിയപ്പോൾ   സാഹചര്യങ്ങൾ കൊണ്ട്  നമ്മൾ മലയാളികൾ മറന്നൊരു കായിക വിനോദം.

 ഒളിമ്പിക്സിൽ ഇന്ത്യയ്ക്ക് സ്വർണത്തിളക്കം സമ്മാനിക്കുകയും  രാജ്യന്തര മത്സരങ്ങളിൽ  ഇന്ത്യയുടെ പ്രൗഢി കാത്തുസൂക്ഷിക്കുകയും ചെയ്യുന്ന   ഇന്ത്യയുടെ ദേശീയ കായികവിനോദം ഏതാണെന്ന് ചോദിച്ചാൽ   ഭൂരിപക്ഷം ഇന്ത്യക്കാർക്കും പറയാൻ ഒരു പേരെ കാണൂ. ധ്യാൻ ചന്ദ് മുതൽ പി.ആർ ശ്രീജേഷ് വരെയുള്ളവർ രാജ്യത്തിന്റെ യശസ്സുയർത്തിയ കായികരൂപം. അതെ ഞാൻ പറഞ്ഞുവരുന്നത് ഹോക്കിയെക്കുറിച്ചാണ്.
ഒളിംപിക്സിനെക്കാൾ  പഴക്കമുള്ള ഒരു ചരിത്രം അവകാശപ്പെടാനുണ്ട് ഹോക്കിക്ക്.
ഇന്ത്യയുടെ പ്രധാന കായിക വിനോദങ്ങളിലൊന്നായി ഹോക്കി  എങ്ങനെ ഉയർന്നുവന്നുവെന്ന് നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ?   ഹോക്കിയുടെ ഉത്ഭവം  മുതലുള്ള നാൾവഴികളിലൂടെ സഞ്ചരിക്കുമ്പോൾ  ഈ വിദേശ കായികവിനോദം എങ്ങനെ ഇന്ത്യയിലെത്തിയെന്നും മുഖ്യധാരാ കായികവിനോദമായി മാറിയതെങ്ങനെയെന്നുമുള്ള  നിരവധി ചോദ്യങ്ങൾ നമുക്കു മുമ്പിൽ ഉത്തരം കിട്ടാതെ നിൽക്കുന്നുണ്ട്. അത്തരം ചോദ്യങ്ങൾക്കുള്ള ഉത്തരം കണ്ടെത്തുന്നതിന്റെ ഭാഗമായി ഹോക്കി എന്ന കായിക വിനോദത്തിന്റെ  വളർച്ചയുടെ ചരിത്രം നമുക്ക് പരിശോധിക്കാം.

ഹോക്കിയുടെ ചരിത്രം ആരംഭിക്കുന്നത് ഏകദേശം ആറായിരം വർഷങ്ങൾക്ക് മുമ്പാണെന്ന് കരുതപ്പെടുന്നു.
 ആയിരക്കണക്കിന് വർഷങ്ങൾക്ക്  മുമ്പുതന്നെ വടികളും പന്തുകളും  ഉപയോഗിച്ചു കൊണ്ടുള്ള ഹോക്കിയുടെ അപരിഷ്‌കൃത രൂപം നിലനിന്നിരുന്നുവെന്ന്  ചരിത്രരേഖകൾ സൂചിപ്പിക്കുന്നുണ്ട്. നാലായിരം വർഷങ്ങൾക്കു മുമ്പ് ഈജിപ്തിലും ബി.സി ആയിരത്തിൽ എത്യോപ്യയിലും
ഈ കായികവിനോദം പ്രചാരത്തിലുണ്ടായിരുന്നു.  യൂറോപ്യന്മാർ ഭൂമിശാസ്ത്രപരമായ പര്യവേക്ഷണങ്ങൾ ആരംഭിക്കുന്നതിന് മുമ്പു തന്നെ റോമാക്കാരുടെയും ഗ്രീക്കുകാരുടെയും തെക്കേ അമേരിക്കയിലെ ആസ്ട്രോനോട്ട് വംശജരുടെയും ഇടയിൽ ഹോക്കിയുടെ ആദിമരൂപം പ്രചാരത്തിലുണ്ടായിരുന്നുവെന്ന് വിവിധ മ്യൂസിയങ്ങളിലായി  ശേഖരിച്ചു വച്ചിരിക്കുന്ന ചരിത്രാവശിഷ്ടങ്ങൾ സാക്ഷ്യപ്പെടുത്തുന്നു.  എഥൻസിലെ നാഷണൽ
ആർക്കിയോളജിക്കൽ മ്യൂസിയത്തിൽ
 60 സെന്റീമീറ്റർ × 20 സെന്റിമീറ്റർ അളവിലുള്ള ഒരു ചതുര മാർബിൾ സ്ലാബ് സൂക്ഷിച്ചിട്ടുണ്ട്.  എഥൻസിലെ  ജനതയുടെ  ഇടയിൽ ഹോക്കിയുടെ
അപരിഷ്‌കൃതരൂപം പ്രചാരത്തിലുണ്ടായിരുന്നുവെന്നതിന് തെളിവാണിത്. ബി.സി 514 മുതലുള്ള ഈ ബേസ് റിലീഫുകൾ അക്കാലത്തെ ഗ്രീസ് ജനത ഹോക്കി കളിച്ചിരുന്നു എന്നതിലേക്ക്  വിരൽ ചൂണ്ടുന്നു. പുരാതന ഗ്രീക്ക് ഭാഷയിൽ ' കെറിറ്റിസിൻ'   എന്നറിയപ്പെട്ടിരുന്ന ഹോക്കിയുടെ
അപരിഷ്‌കൃത രൂപം വളരെയധികം ജനപ്രീതി നേടിയിരുന്നു.
റോമാക്കാർ 'പഗനിക്ക', ഐറിഷ് 'ഹർലിംഗ്', സ്കോട്ടുകാർ 'ഷിന്റി ' എന്നിങ്ങനെയായിരുന്നു ഹോക്കിയുടെ ആദ്യരൂപത്തെ വിളിച്ചിരുന്നത്. 1527 -ൽ  അയർലൻഡിലാണ് ആദ്യമായി ഈ കായിക ഇനം  'ഹോക്കി'  എന്ന് നാമകരണം ചെയ്യപ്പെടുന്നത്. ഫ്രഞ്ച് പദമായ 'ഹോക്കറ്റി'ൽ നിന്നാണ് 'ഹോക്കി' എന്ന പദം ഉദ്ഭവിക്കുന്നത്. 'ഇടയന്മാരുടെ വക്രൻ' എന്നാണ് ആ പദത്തിന്റെ അർത്ഥം.

ഏകദേശം 500 വർഷങ്ങളായി ഇന്ത്യ  ഉൾപ്പെടെ പല രാജ്യങ്ങളിലും സോഫ്റ്റ് ഹോക്കി  വ്യത്യസ്ത പേരുകളിൽ കളിച്ചു വരുന്നുണ്ട്.  ഇന്ത്യ പോലുള്ള രാജ്യങ്ങളെ സംബന്ധിച്ച് പറയുമ്പോൾ യാതൊരു തരത്തിലുള്ള അടിസ്ഥാനസൗകര്യങ്ങളും ഇല്ലാത്ത അവസ്ഥയിലാണ് ഹോക്കി കളിച്ചിരുന്നതെങ്കിലും ഗ്രാമങ്ങളിലും നഗരങ്ങളിലും കുട്ടികൾക്ക് ഒരുപോലെ പ്രിയപ്പെട്ട വിനോദമായി പരിണമിക്കാൻ  ഹോക്കിക്ക് അതിവേഗം സാധിച്ചു. ആദ്യകാലഘട്ടങ്ങളിൽ മുളവടിയും മറ്റും ഉപയോഗിച്ചാണ് ഹോക്കി കളിച്ചിരുന്നത്. മുളയോ റബ്ബറിന് സമാന്തരമായ പദാർത്ഥമോ ഉപയോഗിച്ചാണ് കളിക്കാവശ്യമായ ബോൾ നിർമ്മിച്ചിരുന്നത്. ചുരുങ്ങിയ കളിക്കാരെ ഉൾപ്പെടുത്തിക്കൊണ്ട് പരിമിതമായ സ്ഥലത്ത് കളിക്കാൻ സാധിക്കുമെന്നതും മറ്റ്  കായികവിനോദങ്ങളെ  അപേക്ഷിച്ച് അപകടസാധ്യത കുറവാണെന്നതും അക്കാലത്ത് ഹോക്കിയുടെ പ്രചാരത്തിലേക്ക്‌ വഴിവെച്ച ഘടകങ്ങളാണ്.ഇങ്ങനെയൊക്കെയാണെങ്കിലും ചരിത്രകാരന്മാർക്കിടയിൽ ഹോക്കിയുടെ ഉത്ഭവത്തെക്കുറിച്ചും അതിന്റെ പ്രചാരത്തെക്കുറിച്ചും വ്യത്യസ്തമായ അഭിപ്രായങ്ങളാണ് നിലനിൽക്കുന്നത്.

പതിനേഴ്പതിനെട്ട് നൂറ്റാണ്ടുകളിൽത്തന്നെ  ഇംഗ്ലണ്ടിലെ മുഴുവൻ ഗ്രാമങ്ങളിലും ഹോക്കി പ്രചാരത്തിലുണ്ടായിരുന്നു. ഇന്നത്തെ ടൂർണമെന്റ് മാതൃകയിൽ രണ്ട് ഗ്രാമങ്ങൾ പൊതുവായ ഒരു സ്ഥലത്ത് ഒത്തുചേർന്നാണ് മത്സരത്തിൽ ഏർപ്പെട്ടിരുന്നത്. ഒരു ടീമിൽ ഏകദേശം അറുപത് മുതൽ നൂറ് വരെ ആളുകൾ അക്കാലത്ത് കളിക്കാമായിരുന്നു. ഏതാണ്ട് 1527 - കാലഘട്ടങ്ങളിൽ ഗ്രാമങ്ങൾ തമ്മിലുള്ള സൗഹൃദ മത്സരം എന്നതിൽ നിന്ന്  മാറി  സംഘർഷഭരിതമാകുന്ന  ഘട്ടമെത്തിയപ്പോൾ ഇംഗ്ലണ്ടിൽ ഹോക്കി നിരോധിച്ചു.

1852- ൽ ഇംഗ്ലണ്ടിലെ ഹരോ പബ്ലിക് സ്കൂളിലെ കായികധ്യാപകൻ കുട്ടികളോട്  പരമാവധി മുപ്പത് പേരെ മാത്രം സംഘടിപ്പിച്ച് ഹോക്കി കളിക്കുവാൻ നിർദ്ദേശിക്കുകയുണ്ടായി.  അക്കാലത്ത് അറുപത് മുതൽ നൂറ് വരെയുള്ള ആളുകൾ പങ്കെടുത്തിരുന്നുവെന്ന് മുമ്പ് സൂചിപ്പിച്ചിരുന്നുവല്ലോ. അന്ന് സ്കൂളിൽ അവലംബിച്ച ഈ പുതിയ സമ്പ്രദായം പിന്നീട് 1800- കളിൽ  തുടർന്നുപോന്നു. അതിനുശേഷം 1861-ൽ   അയർലണ്ടിലെ ബ്ലാക്ക് ഹീത്തിൽ ആദ്യത്തെ ഫീൽഡ് ഹോക്കി ക്ലബ് സ്ഥാപിതമായി.

1870- കളോടെ ഇന്ന് നാം കാണുന്ന ഹോക്കിയുടെ ആദ്യരൂപം  ഇംഗ്ലണ്ടിലെ ഈറ്റാൻ  കോളേജിൽ നിന്ന് ഉയർന്നു വന്നു. ഹോക്കി എന്ന കായിക ഇനത്തിൻ്റെ  ആദ്യ നിയമങ്ങൾ എഴുതപ്പെട്ടതും ആ കോളേജ് ഹോക്കി ടീമിന് വേണ്ടിയായിരുന്നു.

 1875-ൽ ലാണ് ലോകത്തിലെ തന്നെ ആദ്യത്തെ ഹോക്കി അസോസിയേഷൻ രൂപീകരിക്കപ്പെടുന്നത്. ഈ അസോസിയേഷന്റെ രൂപീകരണത്തോടെ ഹോക്കിക്കായി ഏകീകൃത നിയമങ്ങൾ എഴുതി ചേർക്കപ്പെട്ടു.കളി നടത്തേണ്ട മൈതാനത്തിൻ്റെ നീളവും വീതിയും നിശ്ചയിക്കുകയും എല്ലാ കളിക്കാരും ഇരു ടീമുകളായി തിരിഞ്ഞ് കളിയുടെ ആദ്യാവസാനം വരെ പന്തിനെ പിന്തുടരുന്ന രീതി അവലംബിക്കുന്നതും ആ നിയമങ്ങളെ അടിസ്ഥാനമാക്കിയാണ്.  1886-ൽ  ലണ്ടൻ വിംബിൾഡൺ ഹോക്കി ക്ലബ്ബ് രൂപീകരിക്കപ്പെട്ടതോടെ ഹോക്കിയുടെ നിയമങ്ങൾ കൂടുതൽ ശാസ്ത്രീയവും  കർക്കശവുമായി മാറി. നീണ്ടകാലത്തെ ചരിത്ര പാരമ്പര്യമുള്ള ഹോക്കിക്ക്  ഒരു ഏകീകൃത രൂപവും ഘടനയും നിലവിൽ വരികയും ചെയ്തു. ഇതെല്ലാം തന്നെ  ഹോക്കിയെ   കൂടുതൽ സാങ്കേതികമായി ഉയർത്തുകയും അന്നത്തെ ജനങ്ങൾക്കിടയിൽ  കൂടുതൽ സജീവമാകാൻ സഹായകമാകുകയും ചെയ്തു. ഇതോടൊപ്പം തന്നെ  യൂറോപ്പിലാകമാനവും ബ്രിട്ടീഷ് സാമ്രാജ്യത്തിനു കീഴിലുള്ള കോമൺവെൽത്ത് രാജ്യങ്ങളിലേക്ക് ഹോക്കി വ്യാപിക്കുകയും ചെയ്തു.

1886-ൽ ടെഡിംഗ്ടൺ ക്രിക്കറ്റ് ക്ലബിന്റെ പരിശ്രമത്തിന്റെയും  സ്വാധീനത്തിന്റെയും ഫലമായി ബ്രിട്ടീഷ് ഹോക്കി അസോസിയേഷൻ രൂപീകരിക്കുകയുണ്ടായി. ബ്രിട്ടീഷ് അസോസിയേഷന്റെ  രൂപീകരണത്തോടെ
 മത്സരത്തിന്റെ  നിലവാരത്തെ ഉയർത്തുന്ന തരത്തിലുള്ള പുതിയ നിയമങ്ങൾ  കൂട്ടിച്ചേർക്കപ്പെട്ടു.
1899 -ആയപ്പോഴേക്കും പിരമിഡ്  സമ്പ്രദായം, അഞ്ചു ഫോർവേഡുകൾ,  മൂന്ന് ഹൽസ് , രണ്ട് ബാക്ക്, ഒരു ഗോൾ കീപ്പർ എന്നിങ്ങനെ ഹോക്കി എന്ന കായിക വിനോദം പരിവർത്തനങ്ങൾക്കു വിധേയമായി.

1930-കളിൽ മാത്രമാണ് അമേരിക്കയിൽ ഹോക്കി അസോസിയേഷനുകൾ രൂപീകരിക്കപ്പെടുന്നതെങ്കിലും 1890- കളിൽത്തന്നെ അമേരിക്കൻ ഐക്യനാടുകളിൽ ഹോക്കി പ്രചാരത്തിലുണ്ടായിരുന്നു.
ഇക്കാലയളവിലാണ്   ഇംഗ്ലീഷ്, ഐറിഷ്  അസോസിയേഷനുകൾ സംയുക്തമായി അന്താരാഷ്ട്ര നിയമബോർഡ് രൂപീകരിക്കുന്നത്. ഇതിന്റെ ഭാഗമായി കളി നിയന്ത്രിക്കുന്ന  അമ്പയർമാർക്ക്   കൂടുതൽ അധികാരങ്ങൾ നൽകുന്നതുൾപ്പെടെ കളിയെ  കൂടുതൽ പ്രൊഫഷണലാക്കുന്ന  തരത്തിൽ വമ്പിച്ച മാറ്റങ്ങൾ കടന്നുവന്നു.അങ്ങനെ ഹോക്കി എന്ന കായിക രൂപത്തിന്റെ  പ്രാചീന മുഖം തുടച്ചുനീക്കുകയും  ആധുനിക കായിക വിനോദം എന്ന തരത്തിൽ പുതിയ രൂപത്തിലും ഭാവത്തിലും അത് വലിയൊരു ജനതയ്ക്ക് മുൻപിൽ കളത്തിൽ ഇറക്കപ്പെടുകയും  ചെയ്തു. ഇത്തരം മാറ്റങ്ങളൊക്കെത്തന്നെയാണ്  ഇന്ന് കാണുന്ന  പ്രൊഫഷണൽ ഹോക്കിയുടെ ആരംഭത്തിലേക്ക്  വഴിതെളിച്ചത്.


തുടരും.. 

Comments

Post a Comment

Popular posts from this blog

രമാബായി അംബേദ്കർ

മഹാരാജാസിന്റെ നാൾവഴികളിലൂടെ... !

കുമ്പസാരം